നട്ടെല്ലിന്റെ വളവ് നേരെയാകാം | Scoliosis Malayalam Health | Arogyam Tips
What is Scoliosis ? എന്താണ് സ്കോളിയോസിസ്?
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തൻമൂലം നടുവിന്‍റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്‍റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്‍റെ വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്‍റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.സ്കോളിയോസിസ് പല കാരണങ്ങളാല്‍ ഉണ്ടാകാം. ജന്മനാ കാണുന്നതരം കൺജിനെന്‍റൽ സ്കോളിയോസിസ്. കുട്ടി ജനിക്കുമ്പോള്‍ തന്നെ നട്ടെല്ലിലെ കശേരുക്കള്‍ക്ക് വ്യതിയാനം സംഭവിച്ചിരിക്കുന്നതിനാല്‍ ഇത് നേരത്തെ കണ്ടുപിടിക്കപ്പെടാറുണ്ട്. കേരളത്തില്‍ ഇത്തരം സ്കോളിയോസിസ് താരതമ്യേന കുറവാണ് കണ്ടുവരുന്നത്. ജന്മനാ കശേരുക്കള്‍ക്ക് വൈകല്യമില്ലാതെയുണ്ടാകുന്ന സ്കോളിയോസിസ് ഇഡിയോപതിക് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. ഇതിനുകാരണം ഇപ്പോഴും വ്യക്തമല്ല.
സ്കോളിയോസിസ് കണ്ടുവരുന്ന പ്രായമനുസരിച്ച് മൂന്നുതരത്തിലുണ്ട്. നാലുവയസില്‍ താഴെയുള്ള കുട്ടികളിലെ സ്കോളിയോസിസ് ഇൻഫന്‍റൈൽ സ്കോളിയോസിസ് എന്നു പറയുന്നു. 4-10 വയസിനിടയില്‍ കാണുന്ന സ്കോളിയോസിസ് ജുവനൈൽ സ്കോളിയോസിസ്, 10 വയസ്സിനു മുകളിലുള്ള സ്കോളിയോസിസ് അഡോൾസെന്‍റ് ഇഡിയോപതിക് സ്കോളിയോസിസ് അഥവാ കൗമാരപ്രായത്തിലെ സ്കോളിയോസിസ് എന്നറിയപ്പെടുന്നു.
No comments: